നിർമാണങ്ങളെല്ലാം പരിസ്ഥിതിക്കനുസൃതമായിരിക്കണം എന്നത് രാജ്യത്തിന്റെ അടിസ്ഥാന തത്വമാണ്. വലിയ നിർമാണങ്ങൾക്ക് പരിസ്ഥിതി ആഘാത പഠനം വേണമെന്നു നിയമമുണ്ട്. അതിനുവേണ്ടിയുള്ള സംവിധാനങ്ങൾ കേന്ദ്ര-സംസ്ഥാന തലങ്ങളിൽ ഏർപ്പെടുത്തിയിട്ടുമുണ്ട്. വലിയ പ്രതീക്ഷയോടെ വിഭാവനം ചെയ്ത പല പദ്ധതികളും പരിസ്ഥിതി ആഘാതപഠനം നടത്തുന്പോൾ ഗുണത്തേക്കാൾ കൂടുതൽ ദോഷമുണ്ടാക്കുന്നതാണ് എന്ന കാരണത്താൽ ഉപേക്ഷിക്കപ്പെട്ടിട്ടുണ്ട്. വലിയ പദ്ധതികൾക്കു മാത്രമാണ് പരിസ്ഥിതി അഘാതപഠനം ഇപ്പോൾ നടപ്പാക്കുന്നത്.
മലിനീകരണത്തിന് അനുകൂലമായ സാഹചര്യം വൻ തോതിൽ വർധിക്കുന്നതു കാരണം ചെറിയ പ്രസ്ഥാനങ്ങൾപോലും വൻ തോതിലുള്ള മലിനീകരണം ഉണ്ടാക്കുന്നു. ഇങ്ങനെയുള്ള മലിനീകരണങ്ങൾ ജനങ്ങളുടെ നിത്യജീവിതം അപകടത്തിലാക്കുകയും ചെയ്യുന്നു.
കാൻസർ പോലെയുള്ള മാരകരോഗങ്ങൾ വർധിച്ചുവരുന്നു. ഇതിനുള്ള കാരണങ്ങളൊന്നും വ്യക്തമല്ലെങ്കിലും പ്രധാന ചൂണ്ടുപലക മലിനീകരണം തന്നെയാണ്. എല്ലാ ജലജന്യ രോഗങ്ങളും നമ്മുടെ നാട്ടിൽ വ്യാപകമാണ്. നമ്മുടെ ഗവേഷണങ്ങൾ ഇതിനൊന്നും കൃത്യമായ ഉത്തരം തരാൻ പര്യാപ്തവുമല്ല. നമ്മുടെ മുന്പിൽ ഒരു മാർഗമാണുള്ളത്. ജീവിതത്തിൽ എല്ലാ മേഖലകളിലും ടോട്ടൽ ക്വാളിറ്റി സംരക്ഷണം നടപ്പാക്കുക. ജലം, വായു, മണ്ണ് എന്നിവയിലുണ്ടാകുന്ന മലിനീകരണം ശക്തമായി നിയന്ത്രിക്കുക.
ഇന്ന് നമ്മൾ ആഡംബരത്തിന്റെ പുറകെ പോകുന്ന കാലമാണ്. ഇതിൽ പ്രധാനപ്പെട്ടതാണ് പരിസ്ഥിതിയെ മതിയായ രീതിയിൽ പരിഗണിക്കാതെയുള്ള കെട്ടിടനിർമാണം. ഇത് നമ്മുടെ നാട്ടിൽ ഉണ്ടാക്കിയിട്ടുള്ള പരിസ്ഥിതി പ്രശ്നങ്ങൾ ചെറുതല്ല. ധാരാളം സ്ഥലങ്ങളിൽ ജലസ്രോതസുകളുടെ മലിനീകരണത്തിനും അനുബന്ധ പ്രശ്ങ്ങൾക്കും ഇത് കാരണമായിട്ടുണ്ട്, അതു തുടർന്നുകൊണ്ടുമിരിക്കുന്നു.
കെട്ടിടങ്ങളുടെ പരിസ്ഥിതി രൂപകൽപന
കെട്ടിടം നിർമിക്കുന്പോൾ വായു, ജലം, സൂര്യൻ, ഓക്സിജൻ, മരങ്ങൾ, ബാക്ടീരിയ, മണ്ണിര തുടങ്ങിവയുടെ നന്മകൾ കെട്ടിടത്തിനു ഗുണപ്രദമാകുന്ന രീതിയിൽ നടപ്പാക്കി കെട്ടിടത്തിന്റെ ഉപയുക്തത ഫലപ്രദമാക്കുകയും മലിനീകരണം തടയുകയും ചെയ്യുന്ന തരത്തിലുള്ള രൂപകൽപനയ്ക്കാണ് പരിസ്ഥിതി രൂപകൽപന എന്നു പറയുന്നത്. കെട്ടിടം പണിയുന്പോൾ അതിന് ആകാരഭംഗി വേണമെന്നല്ലതെ മേല്പറഞ്ഞ കാര്യങ്ങളൊന്നും പൊതുവേ ആരും പരിഗണിക്കുന്നില്ല. അമീബിക് മസ്തിഷ്കജ്വരംപോലും നമ്മുടെ കിണറിൽനിന്ന് ഉണ്ടാകുന്നു എന്നു പറയുന്പോൾ മലിനീകരണത്തിന്റെ അവസ്ഥ എത്ര ഭീകരമാണെന്ന് അനുമാനിക്കാം.
പരിസ്ഥിതി രൂപകൽപന നടപ്പാക്കി മലിനീകരണം നിയന്ത്രിക്കാൻ ബാധ്യതപ്പെട്ട തദ്ദേശ സ്വയംഭരണ വകുപ്പിന് ഇതേപ്പറ്റിയൊന്നും ഒരു പിടിപാടുമില്ല. മഴവെള്ള സംഭരണം പോലെ ഉണ്ടാക്കിയ നിയമങ്ങൾ തന്നെ നടപ്പാക്കാൻ കഴിവില്ലാത്ത ഒരു പ്രസ്ഥാനമാണത്. പല കാര്യങ്ങളിലും സ്വാധീനശക്തിയനുസരിച്ച് പരിസ്ഥിതി നിയമങ്ങളിൽ അയവു വരുത്തുന്നു. പണ്ട് ജലസ്രോതസും മലിനസ്രോതസും തമ്മിലുള്ള ദൂരം 15 മീറ്ററായിരുന്നു. ഒരു സുപ്രഭാതത്തിൽ അത് 7.5 മീറ്റർ ആക്കിക്കൊടുത്തു. ഇതല്ലാതെയും നിയമങ്ങളിൽ ഇളവ് ചെയ്തുകൊണ്ടേയിരിക്കുന്നു. നമ്മുടെ നാട്ടിൽ മലിനീകരണം നിയന്ത്രിക്കാനുള്ള ശ്രമങ്ങൾ വളരെ ബലഹീനമാണ് എന്നതാണ് യാഥാർഥ്യം.
കെട്ടിടത്തോടനുബന്ധിച്ച് പല മലിനസ്രോതസുകളും ആവശ്യമായി വരും. കക്കൂസ് മാലിന്യം, മലിനജലം, ഖരമാലിന്യങ്ങൾ അങ്ങനെ പലതും. മിക്ക സാഹചര്യങ്ങളിലും കിണറുകളും ഉണ്ടാകും. കേരളം ജനസാന്ദ്രതയും കിണർ സാന്ദ്രതയും അധികമുള്ള പ്രദേശമാണ്. വീടുകളും കിണറുകളും കക്കൂസ് കുഴികളും മലിനജല കുഴികളും ഖരമാലിന്യ സംസ്കരണ സംവിധാനങ്ങളും എല്ലാം വേണ്ടത്ര അകലമില്ലാതെയാണ് നിർമിക്കപ്പെടുന്നത്.
വ്യവസായങ്ങൾ, മാർക്കറ്റുകൾ തുടങ്ങിയവയിൽനിന്നെല്ലാം വരുന്ന മാലിന്യങ്ങളും ഒത്തുചേരുന്പോൾ കേരളത്തിൽ പ്രധാനമായും പട്ടണങ്ങളിൽ മാലിന്യപ്രശ്നം രൂക്ഷമാണെന്നു മാത്രമല്ല, അപകടകരവുമാണ്. ഇതിന്റെ പ്രധാന ദോഷം കിണറുകളും മറ്റു ജലസ്രോതസുകളും മലിനമാകുകയും അതിലൂടെ പല രോഗങ്ങൾ ഉണ്ടാകുകയും ചെയ്യുന്നു എന്നതാണ്. ഇതുമായി ബന്ധപ്പെട്ട് വീടുകളുടെയും ചെറിയ കെട്ടിടങ്ങളുടെയും നിർമാണത്തിൽ പരിസ്ഥിതി രൂപകൽപന പ്രധാനമാണ്.
കെട്ടിടങ്ങളുടെ പരിസ്ഥിതി രൂപകൽപനയുടെ അടിസ്ഥാന തത്വങ്ങൾ താഴെപ്പറയുന്നവയാണ്
►ജലസ്രോതസുകളുടെ സംരക്ഷണം.
► മലിനീകരണ സ്രോതസുകൾ ശുദ്ധജല സ്രോതസുകളിൽനിന്നു പരമാവധി അകലെയും താഴ്ന്ന ലെവലിലും സ്ഥാപിക്കുക.
► അടുത്തുള്ള മറ്റു മാലിന്യസ്രോതസുകളും പരിഗണിക്കണം.
► കിണർ, കുഴൽക്കിണർ തുടങ്ങിയവയുടെ സംരക്ഷണം യഥാരീതിയിൽ നടപ്പാക്കണം.
► മലമൂത്ര വിസർജ്യങ്ങളുടെ സംസ്കരണത്തിന് യഥാരീതിയിൽ നിർമിച്ച സെപ്റ്റിക് ടാങ്കുകൾ തന്നെ ഉപയോഗിക്കുക.
► മലിനജല സംസ്കരണത്തിന് യഥാരീതിയിൽ നിർമിച്ച സോക് പിറ്റുകൾ മാത്രം ഉപയോഗിക്കുക.
► സോക് പിറ്റുകളും സെപ്റ്റിക് ടാങ്കുകളും എല്ലാം കൃത്യമായി ഡിസൈൻ ചെയ്തു മാത്രം നിർമിക്കുക. ഉപയോഗിക്കുന്നവരുടെ എണ്ണം അനുസരിച്ച് ആവശ്യമായ വലിപ്പം ഉണ്ടായിരിക്കണം.
► എല്ലാ മാലിന്യസംസ്കരണ സംവിധാനങ്ങളും വ്യക്തമായി കാണാൻ സാധിക്കുന്നതുപോലെ വേണം നിർമിക്കാൻ. കാലാകാലങ്ങളിൽ പരിപാലനം ആവശ്യമാണ്.
► വീട്ടിലെ ടാങ്കിന്റെ സ്ഥാനം എപ്പോൾ വേണമെങ്കിലും എത്തി ക്ലീൻ ചെയ്യാൻ സാധിക്കുന്ന രീതിയിലാകണം.
► കക്കൂസ് ക്ലോസറ്റ് എപ്പോഴും ലീക്ക് ഇല്ലാതെയായിരിക്കണം. അല്ലെങ്കിൽ സെപ്റ്റിക് ടാങ്കിലെ മലിനജലം അളവ് കൂടി മറ്റു ജലസ്രോതസുകളിൽ മാലിന്യപ്രശ്നമുണ്ടാക്കും.
► വീട് നിർമിക്കുന്പോൾ നിർബന്ധമായും സെൽഫ് ക്ലീനിംഗ് ടാങ്കുകൾ മാത്രം ഉപയോഗിക്കുക. കാലാകാലങ്ങളിൽ ടാങ്ക് കഴുകാൻ ഇത് ഗുണപ്രദമാകും. ഈ ടാങ്കുകൾ വാങ്ങാം, അല്ലെങ്കിൽ നിർമിക്കാം.
► വീടുകളുടെ രൂപരേഖ തയാറാക്കുന്പോൾ വായുസഞ്ചാരത്തിനു ധാരാളം ജനലുകൾ കൊടുക്കുക. വെന്റിലേഷൻ ഏറ്റവും ആവശ്യമുള്ള സ്ഥലം അടുക്കളയാണ്. ഏറ്റുവുമധികം കാർബണ് ഡയോക്സൈഡ് ഉത്പാദിപ്പിക്കുന്നത് അടുക്കളയിലാണ്. അതിനാൽ അവിടെ വായുസഞ്ചാരം കൂടുതൽ ആവശ്യമാണ്.
► മഴവെള്ള സംഭരണം നിയമമനുസരിച്ചു നടപ്പാക്കുക.
► കിണറിൽ മഴവെള്ള സംഭരണം നടത്തുന്നെങ്കിൽ കിണറിന്റെ സൈഡിന് ശക്തിയുണ്ട് എന്നു തീർച്ചയാക്കുക.
► ജൈവ-ഖര മാലിന്യ സംസ്കരണത്തിന് ഉചിതമായ മാർഗങ്ങളായ ബയോഗ്യാസ്, ബയോബിൻ തുടങ്ങിയവ ഉപയോഗിക്കുക.
► മരങ്ങൾ നടുന്നതിനുള്ള സൗകര്യം വീട് രൂപകല്പന ചെയ്യുന്പോൾ ബലികഴിക്കരുത്. വീട്ടിൽ ഉത്പാദിക്കുന്ന കാർബണ് ഡയോക്സൈഡ് വലിച്ചെടുത്ത് ഓക്സിജൻ പുറത്തുവിടാൻ മരങ്ങൾ അനിവാര്യമാണ്.
► വെള്ളം കെട്ടിക്കിടക്കുന്ന പ്രദേശങ്ങളിൽ മാലിന്യ സംസ്കരണത്തിന് കൂടുതൽ ശ്രദ്ധ ആവശ്യമാണ്. സെപ്റ്റിക് ടാങ്ക് നിർബന്ധമാണ്. അതിന്റെ ഉയരം ഏറ്റവും കൂടിയ ജലനിരപ്പിനേക്കാൾ കൂടുതൽ ആയിരിക്കണം.
► കെട്ടിടങ്ങൾക്ക് സോളാർ വൈദ്യുതി ആവശ്യമാണ്. അത് രണ്ടു തരത്തിൽ ചെയ്യാം. റൂഫിൽ സോളാർ പാനൽ സ്ഥാപിച്ച് ഉത്പാദിപ്പിക്കുന്ന വൈദ്യുതി കെഎസ്ഇബിക്കു കൊടുത്തതിനുശേഷം, ബോർഡിന്റെ വൈദ്യുതി ഉപയോഗിക്കുന്ന ഗ്രിഡ് സിസ്റ്റം. മറ്റൊന്ന്, സ്വന്തമായി പാനലും ഇൻവെർട്ടറും ബാറ്ററിയും ഉപയോഗിച്ച് വൈദ്യുതി ഉത്പാദിപ്പിക്കുന്ന ഓഫ് ഗ്രിഡ് സിസ്റ്റം.
(തൃശൂർ ചെറുതുരുത്തി ജ്യോതി
എൻജിനിയറിംഗ് കോളജ് സിവിൽ എൻജിനിയറിംഗ് വിഭാഗം അസോസിയേറ്റ് പ്രഫസറാണ് ലേഖകൻ)